ചെറുവത്തൂർ: ലൈബ്രറി കൗൺസിൽ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാവെളിച്ചം പദ്ധതിയുടെ കൺവീനർമാർക്കുള്ള മേഖലാ തല പരിശീലനത്തിന് തുടക്കമായി.
കാടങ്കോട് ജയ്ഹിന്ദ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നെല്ലിക്കാൽ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന പരിശീലനം സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കരുണാകരൻ മുട്ടത്ത്, ലൈബ്രറി കൗൺസിൽ അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ. വി. സുരേശൻ, കൺവീനർ ഡോ. കെ.വി. സജീവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, സ്കൂൾ പ്രിൻസിപ്പൽ എ. രാമപ്പ, സി.വി. വിജയരാജ്, പി.വി. ദിനേശ്, വി. നാരായണൻ, എ. നാരായണൻ, സുകുമാരൻ വെങ്ങാട്ട്, ഹരിദാസൻ മാടായി എന്നിവർ പ്രസംഗിച്ചു.
വരും ദിവസങ്ങളിൽ കൂട്ടക്കനി ഗവ. യുപി സ്കൂളിലും ചന്തേര ഗവ. യുപി സ്കൂളിലും മേഖലാതല പരിശീലനങ്ങൾ നടക്കും. താലൂക്കിലെ 262 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചാണ് അവധിക്കാലത്ത് വായനാവെളിച്ചം പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നാടക പ്രവർത്തകൻ മനോജ് നാരായണന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അഭിനയ പരിശീലന ക്യാമ്പും സംഘടിപ്പിക്കും.
താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിലും കുട്ടികൾ വായനാക്കൂട്ടങ്ങൾ രൂപീകരിച്ച് ഒത്തുചേരുകയും വായിക്കുന്ന പുസ്തകങ്ങളെ ആസ്പദമാക്കി രക്ഷിതാക്കളുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും സഹായത്തോടെ തിരക്കഥകൾ തയാറാക്കി അവതരിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.